ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?


    


    വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉ­ത്ഘോ­­ഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്‍ക്കനാ­വാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളി­യി­­ക്ക­­പെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട­വയില്‍ പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു മാപകത്തോടും പൊരുത്തപ്പെടാതെയാണ് ബൈബിള്‍ എപ്പോഴത്തെയും പോലെ ഇപ്പോളും ഉള്ളത്. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ഖുര്‍ആ­നും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്ക­ലാണ് ചില കുബുദ്ധികള്‍ കാണുന്ന പരിഹാരം. അത്തരം ഒരു വിഘടനായ വിദ്വാന്‍ ഇപ്പോ­ള്‍ നടത്തിയിരിക്കുന്ന  ഒരു ആരോപണം ഖുര്‍ആനില്‍ ചില ഗണിതശാസ്ത്ര അബദ്ധങ്ങള്‍ ഉണ്ടെ­ന്നാണ്! കഴിഞ്ഞ പതിന്നാല് നൂറ്റാണ്ട് കാലത്തെ സമ്പന്നമായ വൈജ്ഞാനിക സപര്യ­യുടെ പാ­രമ്പര്യമുള്ള വിശുദ്ധ ഇസലാമിനെയോ അതിന്‍റെ വേദഗ്രന്ഥത്തെയോ തെല്ലും പരി­ച­യ­മില്ലാ­ത്തതിനാല്‍ ഉണ്ടായ അപക്വമായ ഒരു വിടുവായിത്തം മാത്രമാണിത്.
     അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ ആസ്പദമാക്കി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെ പ്രതിയാണ് ടിയാന്‍റെ ആരോപണം. ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് പെ­ണ്മ­­ക്കളെയും അനാഥരാക്കി വിട പറയുന്നു. ബന്ധുക്കളായി ഇവര്‍ക്കു പുറമേ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ദായ­ധനക്രമം പിന്തുടരുന്ന പക്ഷം വിധവ നിരാലംബയും നിരാശ്രയയും ആയിത്തീരുമത്രേ. വിശദീ­കരിക്കാം; ഇസ്‌ലാമിക ദായധനക്രമമനുസരിച്ചു ഇവിടെ പെണ്മക്കള്‍ക്കു മൂന്നില്‍ രണ്ടും മാതാ­­പിതാക്കള്‍ക്ക് മൂന്നിലൊന്നും ഭാര്യക്ക് എട്ടിലൊന്നും കിട്ടണം. പരേതന്‍ ഉപേക്ഷിച്ചിട്ട സമ്പത്ത് മൂന്ന് ഏക്കര്‍ ഭൂമിയാണെന്ന് സങ്കല്‍പ്പിക്കുക. മാതാപിതാക്കള്‍ക്ക് മൂന്നിലൊന്നു അഥവാ, ഒരു ഏക്കര്‍ ഭൂമിയും പെണ്മക്കള്‍ക്കു മൂന്നില്‍രണ്ട് അഥവാ, രണ്ട് ഏക്കര്‍ ഭൂമിയും നല്‍കിയാല്‍ പിന്നെ കാത്തുണ്ട് ഭൂമി പോലും ബാക്കിയില്ല. അപ്പോള്‍പ്പിന്നെ, വിധവ അനാഥ­യാകാതെ തരമില്ലല്ലോ. അല്ലാഹുവിനു തെല്ലും ഗണിതശാസ്ത്രം അറിയാത്തത് കൊണ്ടാണ് ഈ മഹാവങ്കത്തം ഖുര്‍ആനില്‍ വന്നതെന്ന് കൂടി ചേര്‍ത്തു പറയുമ്പോള്‍ ഖുര്‍ആന്‍ യഥാര്‍ത്ഥ ദൈവിക വെളിപാടല്ലെന്നതിനു പ്രമാണമുണ്ടാക്കുകയാണ് പാവങ്ങള്‍ ചെയ്യുന്നത്.
            സത്യത്തില്‍, പ്രതിപക്ഷം ഏതോ ഖുര്‍ആന്‍ പരിഭാഷ മാത്രം അവലംബമാക്കി ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്‍റെ അനന്തര ഫലമാണ് ഈ ചോദ്യം. അല്ലാതെ ഖുര്‍ആനില്‍ ഒരു തരത്തിലുമുള്ള ഗണിതപ്പിഴവുകളും ഇല്ല. ഖുര്‍ആന്‍ മനസ്സിലാക്കുന്നതിനു അതിന്‍റേതായ ചില മാനദണ്­ഡങ്ങള്‍ ഉണ്ട്. അത് ഗ്രഹിക്കാതെ ഖുര്‍ആനിനെ സമീപിച്ചാല്‍ കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ തന്നെയാവണം എന്നില്ല. അത് ഖുര്‍ആനിന്‍റെ കുഴപ്പം അല്ല; നിങ്ങളുടെ സമീപനത്തിന്‍റെ കുഴപ്പമാണ്. ഖുര്‍ആനിനു മാത്രമല്ല, ലോകത്തെ ഏതു വൈജ്ഞാനിക ശാഖക്കും അതിന്‍റേതായ മാനദണ്­ഡങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന്, സങ്കീര്‍ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ സമീപിക്കുമ്പോള്‍ പാലിച്ചിരി­ക്കേണ്ട ഒരു തത്വമാണല്ലോ BODMAS. അഥവാ, ആദ്യം പ്രശ്നങ്ങളെ ഗണങ്ങളാക്കണം(BRACKET OF). പിന്നീട്, ഹരണം(DIVISION), ശേഷം, ഗുണനം(MULTIPLICATION),  തുടര്‍ന്ന്, സങ്കലനം(ADDITION), ഒടുവില്‍ വ്യവകലനം(SUBSTRACTION). ഈ മാനദണ്­ഡത്തെ പിന്തുടര്‍ന്നില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മാത്രമല്ല, തെറ്റായ ഉത്തരത്തില്‍ ചെന്നെത്തുകയും ചെയ്യും. ഉദാഹരിക്കാം:
2(40*3)/8+ (4/2)-3
     ഈ പ്രശ്നം ശരിയായ ഉത്തരത്തിലെത്തുന്നത് എങ്ങനെ? നമ്മള്‍ BODMAS തത്വത്തെ പിന്തുടരുന്നു. ഇവിടെ ആദ്യം ബ്രാക്കറ്റില്‍ ഉള്ള പ്രശ്നങ്ങളുടെ ഉത്തരത്തിലെത്തുന്നു. അപ്പോള്‍ 2*120/8+2-3 എന്ന് കിട്ടുന്നു. അടുത്തത് ഹരണമാണ്. 2*120/8+2-3 എന്നതിലെ ഹരിക്കാനുള്ള ഭാഗം മാത്രം പരിഗണിക്കുക;
120/8 = 15        ഇപ്പോള്‍ 2*15+2-3 എന്നായിരിക്കുന്നു, ഇനി ഗുണനം
2*15 =30             ഇപ്പോള്‍ 30+2-3 എന്നായി. ശേഷം സങ്കലനം
30+2=32                               ഇപ്പോള്‍ 32-3 എന്നായി. അതിനു ശേഷം വ്യവകലനം
     32-3=29                                അപ്പോള്‍ ഉത്തരം 29
എന്നാല്‍ ഇനി ഈ തത്വത്തിനു നേര്‍വിപരീതം ചെയ്തു നോക്കാം. ആദ്യം വ്യവകലനം 2(40*3)/8+(4/2)-3 =.......................................?  എങ്ങനെ വ്യവകലനം സാദ്ധ്യമാകും?! സാധിക്കുന്നില്ല. ഇനി മറ്റൊരു രീതി; DAMSBO ആദ്യം ഹരണം നടത്തുന്നു. 2(40*3)/8+ (4/2)-3 =....................................? സാധിക്കുന്നില്ല. എന്നാല്‍ MADSBO? 2(40*3)/8+ (4/2)-3 =.........................................? ആദ്യം ബ്രാക്കറ്റില്‍ ഉള്ളതിന് ഉത്തരം കാണാതിരുന്നാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത് തന്നെ പ്രയാസമാകും. BODMAS ലൂടെ അല്ലാതെ ശരിയായ ഉത്തരത്തിലെത്താനും കഴിയില്ല.
     ഇത് ഒരു ഉദാഹരണം മാത്രം. പറഞ്ഞു വന്നത്, ഖുര്‍ആനിലെ ഏതു ആശയവും തിരുനബി സ്വ.യുടെ വിശദീകരണമനുസരിച്ചാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. അത് ഖുര്‍ആനിക നിയമങ്ങളുടെ മൌലികസ്വഭാവമാണ്. അവയെ സുന്നത്ത് അഥവാ തിരുനബി­ചര്യ എന്ന് വിളിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ നാമത് വായിക്കുന്നു: “ഈ വിശുദ്ധ ഖുര്‍ആന്‍ എന്ന ഉദ്ബോധനം അങ്ങേക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്നത്, ജനസമക്ഷം അവര്‍ക്കായി അവതീര്‍ണമായ ഈ പാഠങ്ങളെ അങ്ങ് വിശദീകരിച്ചു വെളിപ്പെ­ടുത്തേണ്ടതിനും അവരത് ചിന്തിച്ചു ഗ്രഹിക്കേണ്ടതിനുമത്രേ” (ആശയം 16:44). “തിരുദൂതര്‍ നിങ്ങള്‍ക്ക് കൊ­ണ്ടു­വന്നതിനെ സ്വീകരിച്ചു കൊള്‍ക. അവിടുന്ന് വിലക്കുന്നവയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക” (ആശയം 59:7) “വിശ്വസിച്ചവരായുള്ളോരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, തിരുദൂതരെയും അനുസരിപ്പിന്‍, നിങ്ങളില്‍ നിന്നുള്ള ദീനിന്‍റെ കൈകാര്യ­കര്‍ത്താക്കളെയും അനുസരിപ്പിന്‍. വല്ല കാര്യത്തിലും നിങ്ങള്‍ തര്‍ക്കത്തിലെത്തുന്നുവെങ്കില്‍ അവയുടെ വിശകലനം അല്ലാഹുവിങ്കലേക്കും അവങ്കല്‍ നിന്നുള്ള തിരുദൂതരിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അതത്രേ ഏറ്റവും കരണീയവും കൂടുതല്‍ നല്ല പര്യവസാനമുണ്ടാകുന്നതും” (ആശയം 4:59).
     “ദീനിന്‍റെ കൈകാര്യകര്‍ത്താക്കള്‍” (ഖുര്‍ആന്‍ 4:59) എന്നാല്‍ ശാഖാപരമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലും തിരുനബിചര്യയിലും പറഞ്ഞിട്ടുള്ള മൌലിക തത്വങ്ങളെ ആസ്പദമാക്കി മതവിധികള്‍ കണ്ടെത്തുന്നതിനു യോഗ്യതയുള്ളവര്‍ ആകുന്നു. വിശുദ്ധ ഖുര്‍ആ­­നും തിരുനബിചര്യയും ആഴത്തില്‍ അറിഞ്ഞിരിക്കുക, ആവശ്യമാകുന്ന ഏതു ഭാഗവും ഓര്‍മയില്‍ നിന്നെടുത്ത് നിര്‍ദ്ധാരണം ചെയ്യാന്‍ ആവശ്യമായ ഓര്‍മശക്തിയും ധൈഷണിക പാടവവും ഉണ്ടായിരിക്കുക, അവ ഉല്ലേഖിതമായിരിക്കുന്ന ഭാഷയായ അറബിയുടെ സാഹിത്യം, പദോല്പ്പത്തി, അലങ്കാരം, ഉച്ചാരണം, വ്യാകരണം, പദവ്യന്യാസം, നാടന്‍പ്രയോ­ഗങ്ങള്‍ തുടങ്ങി ഭാഷാശാസ്ത്രത്തിന്‍റെ എല്ലാ വശങ്ങളും നന്നായി വഴങ്ങുന്നയാളായിരിക്കുക. മതവിജ്ഞാനത്തിന്‍റെ സകലശാഖകളിലും ആഴമേറിയ വ്യുല്‍പ്പത്തി ഉണ്ടായിരിക്കുക തുടങ്ങി അ­നേകം യോഗ്യതകള്‍ അവര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അവയെല്ലാം സവിസ്തരം വിശ­ദമാക്കാന്‍ താളുകള്‍ ഏറെ വേണം. ഇങ്ങനെ യോഗ്യരായ പണ്ഡിതരെയാണ് “മുജ്തഹിദുകള്‍” എന്ന് വിളിക്കുന്നത്‌. ഒരു കാലത്തെ എല്ലാ മുജ്തഹിദുകളുടെയും ഗവേഷണ­ഫലം ഏകകണ്ഠമായാല്‍ അതിനെ ഇജ്മാഅ് എന്ന് വിളിക്കുന്നു. ഒരു മുജ്തഹിദ് ഒരു കാര­ണവശാലും ഇജ്മാഅ് ഉള്ള ഒരു വിഷയത്തിനെ ഖണ്ഡിക്കുകയില്ല. ഹിജ്റ മൂന്നിന് മുമ്പ് ഇ­ങ്ങ­നെ ഗവേഷണയോഗ്യര്‍ ആയവര്‍ അനേകം ഉണ്ടായെങ്കിലും അവരില്‍ നാല് പേരുടെ ഗവേ­ഷ­ണഫലങ്ങള്‍ മാത്രമാണ് മതത്തിന്‍റെ എല്ലാ ശാഖാപരമായ വിഷയങ്ങളെയും സ്പര്‍ശി­ക്കുന്നതായി അവരുടെ ശിഷ്യന്മാരാല്‍ ക്രോഡീകരിക്കപ്പെട്ടത്. അവയെ മദ്ഹബുകള്‍ എന്ന് വി­ളി­ക്കുന്നു. നബിശിഷ്യനായ അനസ് ബിന്‍ മാലിക്ക്(റ)വിന്‍റെ ശിഷ്യന്‍ ഇമാം അബൂ ഹനീഫ(റ), മറ്റൊരു നബിശിഷ്യനായ ഇബ്നു ഉമര്‍(റ)വിന്‍റെ ശിഷ്യനായ ഇമാം മാലിക് ബിന്‍ അനസ്(റ), അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇമാം ശാഫി(റ), അദ്ദേഹത്തിന്‍റെ ശിഷ്യനായ ഇമാം അഹ്മദ്(റ) എന്നിവരാണ് മദ്ഹബിന്‍റെ ഇമാമുമാര്‍. ഹിജ്റ മൂന്നിന് ശേഷം ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ ഉണ്ടായില്ല. സ്വന്തമായി ഗവേഷണ യോഗ്യതയില്ലാത്തവര്‍ ഗവേഷണ യോഗ്യരായവരെ പിന്തുടരണം; അതാണ്‌ വിശുദ്ധ ഖുര്‍ആനിന്‍റെ നിര്‍ദ്ദേശം – “നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോട് ചോദിച്ചു പഠിക്കിന്‍” (ആശയം 16:43). അതിനാല്‍, നാലാലൊരു മദ്ഹബ് അനുസരിച്ച് മാത്രമേ ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും വിധി പറയാവൂ എന്നത് മുസ്‌ലിം ലോകത്തിന്‍റെ “ഇജ്മാഅ്” ആയി. പില്‍ക്കാലത്ത് ഉയര്‍ന്നേക്കാവുന്ന ഏതെങ്കിലും പ്രശ്നത്തില്‍ നേരിട്ടുള്ള പരിഹാരം മദ്ഹബുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവയെ ഖിയാസ് അഥവാ നിയമസമീകരണം വഴി നിര്‍ദ്ധാരണം ചെയ്യുന്നു. സമാനമായ പ്രശ്നങ്ങളില്‍ മദ്ഹബിലുള്ള വിധിയെ അവലം­ബി­ക്കുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്. ചുരുക്കത്തില്‍, ഇസ്­ലാമിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ നാലാകുന്നു; വിശുദ്ധ ഖുര്‍ആന്‍, തിരുനബിചര്യ, ഇജ്മാഅ്, ഖിയാസ്. ഏതു കര്‍മശാസ്ത്ര പ്രശ്നത്തിലും ഇവയെ ആധാരമാക്കിയാണ് മുസ്­ലിം ലോകം തീര്‍പ്പ് പറയുന്നത്. ഈ അടിസ്ഥാന പാഠമെങ്കിലും ഗ്ര­ഹി­­­­ച്ചിരുന്നെങ്കില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷം മുതിരുമായിരുന്നില്ല.
മുസ്‌ലിംകള്‍ ദിനംപ്രതി അഞ്ച് നേരം നിസ്കരിക്കുന്നു, അതിന്‍റെ വിശദാംശങ്ങള്‍ ഖുര്‍ആനി­ല്‍ നിന്ന് നേരിട്ട് കിട്ടുന്നില്ല. അടിസ്ഥാന ആരാധനകളായ വ്രതത്തിന്‍റെയും സക്കാത്തിന്‍റെയും ഹജ്ജിന്‍റെയുമെല്ലാം വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ടല്ല ഗ്രഹിക്കുന്നത്. അതുപോലെ തന്നെയാണ് ഇസ്‌ലാമിക ദായക്രമം നടപ്പില്‍ വരുത്തുന്നതിനുള്ള രീതിശാസ്ത്രങ്ങളും. അതി സങ്കീര്‍ണമായ ദായധന വിഭജനക്രമത്തിന്‍റെ മൌലിക തത്വങ്ങളെ പൂര്‍ണമായി വെറും മൂന്ന് സൂക്തങ്ങളിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചത്. അതിന്‍റെ ശാസ്ത്രീയമായ വിശദാംശങ്ങള്‍ ഇജ്തിഹാദിനു യോഗ്യതയുള്ളവര്‍ തിരുനബിചര്യയില്‍ നിന്നും അല്ലാത്തവര്‍  മദ്ഹബുകളില്‍ നിന്നുമാണ് ഗ്രഹിക്കേണ്ടത്.
     ഇനി, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയത്തിലേക്ക് വരാം, ദായധനവിഭജനക്രമത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ആകെ മൂന്ന് വാക്യങ്ങളിലാണ് എന്ന് പറഞ്ഞുവല്ലോ; പ്രസ്തു­ത വാക്യങ്ങളുടെ ആശയം ഉദ്ധരിക്കാം:
     നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മ­ക്കളാണുള്ളതെങ്കില്‍ പരേതന്‍ വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവ­ര്‍ക്കുള്ളതാണ്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയുണ്ട്. മരിച്ച ആള്‍ക്കു സന്താ­ന­മുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാ­തിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്ക യുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദര­ങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള നിര്‍ണയമാണിത്‌. തീര്‍ച്ച­യായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കാ­യിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ ഭാര്യമാര്‍ക്ക്‌ ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടി­ലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാ­ണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരി­ക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കു­കയും ചെയ്താല്‍ അവരില്‍ (ആ സഹോദരങ്ങളില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവ­കാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകു­ന്നു” (4:11,12).     “നബിയേ, ജനങ്ങള്‍ അങ്ങയോട് ‘കലാല:’യെ പ്രതി വിധിചോദിക്കുന്നുവല്ലേ, പറയിന്‍, അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു; മക്കളില്ലാത്ത ഒരാള്‍ മരിച്ചു പോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്ക് ഉള്ളതാകുന്നു. സഹോദരി­യാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍, അപ്പോള്‍ സഹോദരന്‍ അവളുടെ ദായധന അവകാശിയായിരിക്കും. പരേതന്നു രണ്ട് സഹോദരികള്‍ അവകാശികളായി ഉണ്ടെങ്കില്‍ അവര്‍ ദായധനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗത്തിന് അര്‍ഹരാകുന്നു. ഇനി, ആണും പെണ്ണു­മായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ട് സ്ത്രീ വിഹിത­ത്തി­നു തുല്യമായിരിക്കും. നിങ്ങള്‍ പിഴച്ചു പോയെക്കുമെന്നതിനാല്‍ അള്ളാഹു തന്നെ നിയ­മങ്ങള്‍ വിശദീകരിച്ചു തരുന്നു - അള്ളാഹു സകല സംഗതികളിലും അഭിഞ്ജനല്ലോ”(4 / 176)
     ഇവിടെ നിര്‍ദ്ദേശിക്കപെട്ട അടിസ്ഥാന തത്വങ്ങള്‍ക്ക് വിശദീകരണമായി ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന പ്രശ്നത്തിന് ഉള്‍പ്പടെ ദായധന വിഭജനത്തിനിടെ ഉയര്‍ന്നേക്കാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തിരുഹദീസുകളിലും മദ്ഹബുകളിലും കൃത്യമായ ഉത്തരം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. വിശദീ­കരിക്കാം. സ്വത്തുക്കള്‍ ഓഹരിവെക്കുന്നതിനു അവയുടെ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം ക്ളിപ്തപ്പെടുത്തേണ്ടതുണ്ട്. ഓഹരികളുടെ ചേദങ്ങളുടെ ഗുണനമൂല്യമായിരിക്കും അടിസ്ഥാന വിഹിതങ്ങള്‍ ആയി കണക്കാക്കേണ്ടത്. ചേദങ്ങള്‍ ഭിന്നസംഖ്യ വരാത്ത വിധം പരസ്പരം വിഭജിച്ചു പോകുന്നതില്‍ അവയില്‍ ഏറ്റവും ചെറിയ ഒന്ന് മാത്രം പരിഗണിക്കുന്നു. ഭിന്നസംഖ്യ വരുന്നതില്‍ അവയെ അപ്പടി പരിഗണിക്കുന്നു. ഉദാഹരണം, ചേദം മൂന്ന്, നാല്, ആറു, എട്ട് എന്നിവയായാല്‍ മൂന്ന് ആറില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അവയില്‍ ചെറുത് അഥവാ മൂന്ന് പരിഗണിക്കുന്നു. മൂന്ന് നാലില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകുകയില്ല. അപ്പോള്‍ രണ്ടിനെയും പരിഗണിക്കുന്നു. എന്നാല്‍ നാല് എട്ടില്‍ നിന്ന് ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അപ്പോള്‍ അവയില്‍ നാലിനെ പരിഗണിക്കുന്നു. ഇനി മൊത്തം അടിസ്ഥാന വിഹിതങ്ങള്‍ കിട്ടുന്നതിനു മൂന്നും നാലും തമ്മില്‍ ഗുണിക്കുന്നു; ഉത്തരം പന്ത്രണ്ട്.
ആകെ എട്ട് സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന വിഹിതങ്ങള്‍ കൊണ്ട് മാത്രം തികയാതെ വരും; അടിസ്ഥാന വിഹിതം ആറോ പന്ത്രണ്ടോ ഇരുപത്തിനാലോ ആകുമ്പോള്‍ ആണിത്. അപ്പോള്‍ ആറിനെ ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, പന്ത്രണ്ടിനെ പതിമൂന്ന്, പതിനഞ്ചു, പതിനേഴ്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, ഇരുപത്തിനാലിനെ ഇരുപത്തിയേഴിലേക്കും വികസിപ്പിക്കുന്നു. അതോടെ പ്രശ്നത്തിന് പരിഹാരം തീര്‍ച്ച. ഇങ്ങനെ വികസിപ്പിക്കുന്നതിനെ “തഅ്­വീല്‍” എന്ന് പറയുന്നു. കുറവ് വന്ന വിഹിതം എല്ലാ അവകാശികളില്‍ നിന്നും തുല്യമായ അനുപാതത്തില്‍ കണ്ടെത്തുന്നതിനാണ് “തഅ്­വീല്‍” ചെയ്യുന്നത്.
നമ്മുടെ ഉദാഹരണത്തില്‍ പെണ്മക്കള്‍ക്ക് മൂന്നില്‍രണ്ട്, മാതാപിതാക്കള്‍ക്ക് മൂന്നിലൊന്ന്, ഭാര്യക്ക് എട്ടിലൊന്ന് എന്നിവയാണല്ലോ ഓഹരികള്‍. മൂന്ന്, എട്ട് എന്നിവയുടെ ഗുണനമൂല്യം 24. അപ്പോള്‍ മൊത്തം സ്വത്തായ മൂന്ന് ഏക്കര്‍ അഥവാ 300 സെന്റ് ഭൂമിയെ 24 വിഹിതങ്ങളാക്കുന്നു. അപ്പോള്‍ ഒരു വിഹിതം 300/24 = 12.5 സെന്റ്‌. അതിന്‍റെ മൂന്നില്‍രണ്ട് അഥവാ 16*12.5 വിഹിതങ്ങള്‍ = 200 സെന്റ്‌ പെണ്മക്കള്‍ക്ക്; മൂന്നിലൊന്ന് അഥവാ 8*12.5 വിഹിത­ങ്ങള്‍ = 100 സെന്റ്‌ മാതാപിതാക്കള്‍ക്ക്, എട്ടിലൊന്നു അഥവാ 3*12.5 വിഹിതങ്ങള്‍ = 37.5 സെന്റ്‌ ഭാര്യക്ക്‌. അപ്പോള്‍ ആകെ വിഹിതങ്ങളുടെ എണ്ണം 27 അഥവാ 337.5 സെന്റ്‌ ഭൂമിയാണ്‌. ഇവിടെ മൂന്ന് വിഹിതങ്ങളുടെ അതായത് 37.5 സെന്റ്‌ ഭൂമിയുടെ കുറവുണ്ട് കുറവുണ്ട്. അതിനാല്‍ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം 24 എന്നത് 27 ആക്കി ഉയര്‍ത്തു­ന്നു; അതിന്‍റെ 16 വിഹിതങ്ങള്‍ പെണ്മക്കള്‍ക്ക്, 8  വിഹിതങ്ങള്‍ മാതാപിതാ­ക്ക­ള്‍ക്ക്, മൂന്ന് വിഹിതങ്ങള്‍ ഭാര്യക്ക് – ആകെ 27; പരിഹാരം റെഡി. ഇത്രയ്ക്ക് ലളിതമായി പരിഹാരം തിരുസുന്ന­ത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നിനെ പര്‍വതീകരിച്ച് എന്തോ ഗണിതക്കുഴപ്പമാക്കി കാട്ടുന്നത് ഇസ്‌ലാമിക ജ്ഞാന­ശാസ്ത്രത്തെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തത് കൊണ്ട് മാത്രമാണ്.
ആകെ എട്ട് സാഹചര്യങ്ങളില്‍ തഅ്­വീല്‍ ഉണ്ടാകുമെന്നു പറഞ്ഞുവല്ലോ. ബാക്കി ഏഴ് ഇപ്രകാരമാണ്:
1.     പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍
ഭര്ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഏഴിലേക്ക് തഅ്­വീല്‍ ചെയ്യും.
2.     പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും ഉള്ളപ്പോള്‍
ഭര്ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ എട്ടിലേക്ക് തഅ്­വീല്‍ ചെയ്യും.
3.     പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍
ഭര്ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും ഒന്ന് മാതാവൊത്ത സഹോദരനും; മൂന്ന് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഒമ്പതിലേക്ക് തഅ്­വീല്‍ ചെയ്യും.
4.     പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍
ഭര്ത്താവിനു ½, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 2*3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും രണ്ട് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്­വീല്‍ ചെയ്യും.
5.     പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍
ഭാര്യക്ക് ¼, മാതാവിന് 1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും എട്ട് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിമൂന്നിലേക്ക് തഅ്­വീല്‍ ചെയ്യും.
6.     പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍
ഭാര്യക്ക് ¼, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും രണ്ട് മാതാവൊത്ത സഹോദരനും എട്ട് സഹോദരിമാര്‍ക്കും; രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിനഞ്ചിലേക്ക് തഅ്­വീല്‍ ചെയ്യും.
7.     പരേതന്‍റെ ഭാര്യയും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍
ഭാര്യക്ക് ¼, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 4*3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും എട്ട് സഹോദരിമാര്‍ക്കും രണ്ട് മാതാവിനും നാല് മാതാവൊത്ത സഹോദരന്മാര്‍കും; നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്­വീല്‍ ചെയ്യും.
     ഇതിനു സമാനമായ മറ്റു ചില ഉദാഹരണങ്ങള്‍ വരാമെങ്കിലും അടിസ്ഥാന വിഹിത­ങ്ങ­ളു­ടെ എണ്ണത്തില്‍ ഇവിടെ ഉദ്ധരിച്ചതല്ലാത്ത മാറ്റം ഒരിക്കലും ഉണ്ടാകുകയില്ല. അതാണ്‌ തിരുനബിചര്യകളുടെയും മദ്ഹബു­കളുടെയും സമഗ്രത. ഇവയില്‍ 24 നെ 27 ആയി തഅ്­വീല്‍ ചെയ്യുന്നത് “മസ്അലത്തുല്‍ മിമ്പരിയ്യ” എന്നറിയപ്പെടുന്നു. അതിനു കാരണം നബിശി­ഷ്യനായ അലി(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്; അദ്ദേഹം ഒരിക്കല്‍ കൂഫയി­ലെ മിമ്പറില്‍ (പ്രസംഗ പീഠം) പ്രഭാഷണം നിര്‍വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു: “അല്‍ഹംദു ലില്ലാഹില്ലദീ യഹ്കുമു ബില്‍ ഹഖി ഖത്ആ...., വയജ്സീ കുല്ല നഫ്സിന്‍ ബിമാ തസ്ആ..., വഇലയ്ഹില്‍ മആലു വര്‍റുജ്ആ.....” ആ സമയത്ത് ഒരാള്‍ വന്നു ഇതേ കുറിച്ച് സംശയമു­ന്നയിച്ചു. അദ്ദേഹം ഒട്ടും ശങ്കിക്കാതെയും കാത്തുനില്‍ക്കാതെയും പ്രഭാഷണത്തിന്‍റെ പ്രാസ­ഭംഗി പോലും കളയാതെ മറുപടി പറഞ്ഞു: “സ്വാറ സുമുനല്‍ മര്‍അത്തി തിസ്ആ....” തുടര്‍ന്ന്‍ അതേ പ്രാസഭംഗിയോടെ അദ്ദേഹം പ്രഭാഷണം തുടരുകയും ചെയ്തു. ഇതിവിടെ ഉദ്ധരിച്ച­തിന്‍റെ താത്പര്യം ഇപ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ ഇതേ കുറിച്ച് മനസ്സിലാക്കു­ന്നതിനു പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കു തിരുനബിയും ശിഷ്യരും അതേ കുറിച്ച് വിശദമായി പ്രതിപാധി­ച്ചിട്ടുണ്ട് എന്നു കാണിക്കുവാനാണ്. ഇസ്­ലാമിക ലോകത്ത് ഈ ചോദ്യം പുത്തരി­യല്ല എന്നര്‍ത്ഥം.

   

  

No comments:

Post a Comment